മക്കളെ വളർത്തുക. തല്ലാതെ! (Raise Your Children! Don't Beat Them)

നിങ്ങൾ ഒരു ദിവസത്തിൽ എത്ര തവണ കുട്ടികളോട് വിമർശനപരമായ രീതിയിൽ പ്രതികരിക്കുന്നു എന്ന് ഒരിക്കൽ ചിന്തിച്ച് നോക്കൂ.

SOCIAL

SNEHAM

1/6/2025

മക്കളെ വളർത്തുക. തല്ലാതെ!

ലോകത്തിലെ ഏറ്റവും വെല്ലുവിളികളുള്ള ജോലിയാണ് കുട്ടികളെ വളർത്തുന്നത്. എന്നാൽ ഇതിന് പലപ്പോഴും രക്ഷിതാക്കൾ ഏറ്റവും കുറവ് തയ്യാറെടുത്തിട്ടുള്ളവരായിരിക്കും. ജനനം മുതൽ വിദ്യാഭ്യാസ കാലഘട്ടം വരെ, കുട്ടികൾ മാതാപിതാക്കളോടൊപ്പമാണ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഈ സമയം മാതാപിതാക്കൾ കുട്ടികളെ പലതും പഠിപ്പിക്കുന്നു. അതുകൊണ്ടാണ് മാതാപിതാക്കളെ കുട്ടികളുടെ പ്രഥമ അധ്യാപകൻ എന്ന് വിശേഷിപ്പിച്ചു പോരുന്നത്. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിയെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. കുട്ടിക്കാലത്തെ അവരുടെ നിരുപദ്രവകരമായ ചേഷ്ടകളും വികൃതികളും മാതാപിതാക്കളെ സന്തോഷിപ്പിക്കാറുമുണ്ട്. എന്നാൽ, ചിലപ്പോൾ ഈ സ്‌നേഹം കാരണം കുട്ടികൾ വളരെ ധാർഷ്ട്യമുള്ളവരായി മാറാമെന്നും പഠനങ്ങൾ പറയുന്നു.

കുട്ടിക്കാലം മുതൽതന്നെ വളരെ കർശനമായ സമീപനം പുലർത്തുന്ന ചില മാതാപിതാക്കളുണ്ട്. കുട്ടികൾ തെറ്റായ ദിശയിൽ പോകാതിരിക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമം മാത്രമായി ഈ കണിശ സ്വഭാവത്തെ കാണാം. അതേസമയം, ചിലപ്പോൾ മാതാപിതാക്കളുടെ ഈ കർശന സ്വഭാവം കുട്ടികളുടെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം. കുട്ടികളുടെ മുന്നേട്ടുള്ള ഭാവിക്ക് തടസ്സം നിൽക്കുന്ന മാതാപിതാക്കളുടെ ഇത്തരം ചില തെറ്റുകളെക്കുറിച്ചാണ് ഇനി പറയുന്നത്. നിങ്ങളും ഇക്കാര്യങ്ങൾ പിന്തുടരുന്നുണ്ടെങ്കിൽ, അത് നിർത്തേണ്ടത് പരമപ്രധാനമാണെന്നും വിദഗ്ദ്ധർ പറയുന്നു. മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ആ തെറ്റുകളെക്കുറിച്ച് നമുക്ക് അറിയാം...

1. നിങ്ങളുടെ കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക

*കുട്ടികൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ മാതാപിതാക്കളുടെ പ്രതികരണങ്ങളിലൂടെ അവരുടെ സ്വയംഅറിയൽ രൂപപ്പെടുന്നു.നിങ്ങളുടെ നടത്തവും, ശബ്ദവും, ശരീര ഭാഷയും, എല്ലാം കുട്ടികൾ ആഗീരണം ചെയ്യുന്നു. അവരുടെ ചെറിയ വിജയങ്ങൾ പോലും പ്രശംസിക്കുക.

*അവർക്ക് സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻഅവസരംനൽകുക. കുട്ടികളെ അപമാനിക്കുന്നതോ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതോ ഒഴിവാക്കുക.

*പ്രതികൂലമായ വാക്കുകൾ കുട്ടികളിൽ ദീർഘകാല പരുക്കുകൾ സൃഷ്ടിക്കും. "കുരുത്തം ഇല്ലാത്തവൻ/ ഇല്ലാത്തവൾ", പോലുള്ള വാക്കുകൾ ഒഴിവാക്കുക. എല്ലാ മനുഷ്യരും പിഴവ് ചെയ്യുമെന്നും നിങ്ങൾ അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തപ്പോൾ പോലും അവരെ സ്നേഹിക്കുന്നുണ്ടെന്നും അവർക്കറിയിക്കുക.

*പലപ്പോഴും മാതാപിതാക്കൾ കുട്ടികളുടെ പഠനങ്ങളിൽ മറ്റുള്ളവരുടെ കുട്ടികളുമായി താരതമ്യം ചെയ്യാറുണ്ട്. പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ നിരാശപ്പെടുത്തുകയും മറ്റുള്ളവരുടെ കുട്ടികളെ വളരെയധികം പ്രശംസിക്കുകയും ചെയ്യുന്നു. ഇതിലൂടെ നല്ലതൊന്നും ലഭിക്കില്ലെന്ന് ആദ്യം മനസ്സിലാക്കണം. ഒരുപക്ഷേ, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും.

2. കുട്ടികളുടെ നല്ല പെരുമാറ്റം തിരിച്ചറിയുക

*നിങ്ങൾ ഒരു ദിവസത്തിൽ എത്ര തവണ കുട്ടികളോട് വിമർശനപരമായ രീതിയിൽ പ്രതികരിക്കുന്നു എന്ന് ഒരിക്കൽ ചിന്തിച്ച് നോക്കൂ. നല്ല പ്രവൃത്തികൾ തിരിച്ചറിയുകയും അവരെ പ്രശംസിക്കുകയും ചെയ്യുക:

"നീ ചോദിക്കാതെ തന്നെ കിടക്ക സജ്ജമാക്കിയല്ലോ, നല്ല മോൻ/ മോൾ !"

"നീ സഹോദരനോടൊപ്പം ക്ഷമയോടെ കളിക്കുന്നുണ്ടായിരുന്നു, വെരി ഗുഡ്!"

*ദിവസവും കുട്ടികളിൽ നല്ല പ്രവൃത്തികൾ കണ്ടെത്തി പ്രശംസിക്കുക. നിങ്ങളുടെ സ്‌നേഹം, കെട്ടിപ്പിടിക്കൽ, വാക്കുകൾ എന്നിവ വലിയ മാറ്റം വരുത്തും.

3. പ്രാകൃത ശിക്ഷണ രീതികൾ കുട്ടികളുടെ ക്രിയേറ്റിവിറ്റിയെ നശിപ്പിക്കുന്നു.

*അച്ചടക്കം പഠിപ്പിക്കുന്നതിന്റെ ഭാഗമായി പലപ്പോഴും മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കാറുണ്ട്. ഇത്തരം ശിക്ഷണ രീതികൾ കുട്ടികളെ തെറ്റു ചെയ്യുന്നതിൽ നിന്നും അകറ്റി നിർത്തുമെങ്കിലും അത് അവരുടെ ഭാവിയിലെ പെരുമാറ്റത്തെ ദോഷകരമായി ബാധിച്ചേക്കാം. കുട്ടികളുടെ ആത്മവിശ്വാസത്തെയും അത് ദോഷകരമായി ബാധിക്കും. അച്ചടക്കത്തിനായി പ്രാകൃത ശിക്ഷകൾ നൽകുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

*ശിക്ഷകൾ കുട്ടികൾക്ക് സ്വയം നിയന്ത്രണം പഠിക്കുന്നതിന് ആവശ്യമാണ്.വീട്ടിൽ ചില ചട്ടങ്ങൾ സ്ഥാപിക്കുക: ഹോംവർക്ക് പൂർത്തിയാക്കുന്നതിന് മുമ്പ് ടിവി കാണരുത്, പരസ്പരം അപമാനിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത്. ഒരു മുന്നറിയിപ്പ് നൽകുക, തുടർന്ന് അനുയോജ്യമായ ശിക്ഷ നൽകുക. ഒരിക്കലും നിങ്ങളുടെ മനസ്സിലെ ദേഷ്യം തീർക്കാൻകുഞ്ഞുങ്ങളെ ശിക്ഷിക്കരുത്‌.

*അടിയും വഴക്കുംകൊണ്ടുമാത്രം കുട്ടികളെ നന്നാക്കിക്കളയാമെന്ന് ധരിക്കരുത്. വേദനയും വിഷമമവും മറക്കുമ്പോൾ കുട്ടികൾ തെറ്റുകൾ ആവർത്തിക്കാനിടയുണ്ട്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കിട്ടുന്ന അഭിനന്ദനമാണ് ഒരു വ്യക്തിയെ വളർത്തുന്നത്. എപ്പോഴും കുട്ടികളുടെ പോരായ്മകൾ തുറന്നുകാട്ടലാണ് മിക്ക രക്ഷിതാക്കളുടെയും ശീലം. പകരം അവർ ചെയ്യുന്ന കൊച്ചുകൊച്ചു നല്ലകാര്യങ്ങളെ ഒന്ന് അഭിനന്ദിച്ചുനോക്കൂ. നല്ല പെരുമാറ്റങ്ങളെ അപ്പപ്പോൾ തന്നെ അഭിനന്ദിക്കാം.......

4. കുട്ടികൾക്കായി സമയം കണ്ടെത്തുക

*ഭക്ഷണത്തിനും ഗുണനിലവാരമുള്ള സമയത്തിനും ഒരു കുടുംബമായി കൂടിയാലോചിക്കാൻ പലപ്പോഴും സമയം കിട്ടണമെന്നില്ല. എന്നാൽ കുട്ടികൾക്ക് അത്രമേൽ ആഗ്രഹിക്കുന്നതും അതുമാത്രമേയുള്ളൂ. ഇന്ത്യയിലെ മാതാപിതാക്കളിൽ പലരും കുട്ടികളുടെ വികാരങ്ങൾക്കും വിചാരങ്ങൾക്കും മുൻഗണന നൽകുന്നില്ലെന്നുള്ളത് യാഥാർത്ഥ്യമാണ്. അതുമൂലം കുട്ടികളിൽ അപകർഷതാ ബോധം ഉടലെടുക്കുന്നു. കുട്ടിയുടെ വികാരങ്ങളെ മുതിർന്നവർ അവഗണിക്കുമ്പോൾ, കുട്ടി ഈ കാര്യത്തോട് ഉടനടി പ്രതികരിക്കുന്നില്ലെങ്കിലും, ഇത് തുടർച്ചയായി ചെയ്യുന്നതിലൂടെ, അവർ ക്രമേണ മാതാപിതാക്കളിൽ നിന്ന് അകന്നുപോകാൻ തുടങ്ങുന്നു. കൂടാതെ, ഈ സാഹചര്യത്തിൽ, കുട്ടികൾ മുതിർന്നവരോട് കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്നും പിൻമാറുകയും ചെയ്യപ്പെടും. കാരണം, തങ്ങളുടെ വാക്കുകൾ കേൾക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ലെന്ന തോന്നൽ കുട്ടികളിൽ ഉടലെടുത്തിരിക്കും.

*പാഠപുസ്തകങ്ങളിലെ അറിവുകൾ കൊണ്ട് മാത്രം കുട്ടികളുടെ മാനസിക വികാസം സാധ്യമാകില്ല. നിങ്ങളുടെ കുട്ടി ജീവിതത്തിൽ വ്യത്യസ്തവും മികച്ചതുമായ എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ അവനെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്. ഒരുപക്ഷേ ഇതിലൂടെ കുട്ടിയുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ അടുത്തറിയാൻ കഴിയും. കുട്ടികളുമായി ഇഴകിച്ചേർന്ന് രക്ഷിതാക്കളും അവരോടൊപ്പം വിവിധ കളികളിൽ പങ്കെടുക്കുന്നതും നല്ലതാണ് കായിക പരിശീലനം പെൺകുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ടീം വർക്കിലൂടെ അവർക്ക് മികച്ച ജീവിതപാഠങ്ങൾ ലഭിക്കും.

5. നല്ല മാതൃക കാണിക്കുക

*കുട്ടികൾ മാതാപിതാക്കളെ ശ്രദ്ധിച്ച് അവരുടെ പെരുമാറ്റം ആഗിരണം ചെയ്യുന്നു. നിങ്ങളുടെ സന്തോഷകരമായ പ്രവൃത്തികൾ കുട്ടികൾക്ക് പ്രചോദനമാകും. വീട്ടിൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം സ്നേഹപൂർണവും സഹാർദപരവുമായി സൂക്ഷിക്കുക.

*പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ വഴക്കിന്റെ രൂപത്തിൽ കൂട്ടികളുടെ മുന്നിൽ വെച്ച്‌ സംസാരിക്കുകയോ പെരുമാറുകയോ അരുത്‌. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുക്കാൻ കൂട്ടികൾക്ക്‌ ഒരിക്കലും അവസരം നൽകരുത്‌. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുമിച്ച്‌ തീരുമാനമെടുക്കുകയും ഒരേ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.

*കൂട്ടികളുടെ മുന്നിൽവെച്ച്‌ നുണപറയുകയോ തെറ്റായ കാര്യങ്ങൾ ചെയ്യുകയോ അരുത്‌.വീട്ടിലിരുന്നുകൊണ്ട്‌ മൊബൈൽ ഫോണിലൂടെ 'ഞാനൊരു മീറ്റിങ്ങിലാണ്‌' എന്ന്‌ നിങ്ങൾ കുട്ടിയുടെ മുന്നിൽ വെച്ച്‌ പറയുമ്പോൾ ഭാവിയിൽ നിങ്ങളോടുതന്നെ നുണകൾ പറയാനുള്ള പാഠങ്ങൾ അവർക്ക്‌നൽകുകയാണെന്ന്‌ മറക്കരുത്‌.

*പുകവലി, മദ്യപാനം, മയക്കുമരുന്ന്‌ ഉപയോഗം, അശ്ലീല വാക്കുകൾഉപയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ കുഞ്ഞുങ്ങളുടെ സാന്നിധ്യത്തിൽ ചെയ്യൽ. ഇത്തരം കാര്യങ്ങൾ വലുതാവുമ്പോൾ പിന്തുടരുവാൻ അവർക്ക്‌ പ്രചോദനമാകും എന്ന്‌ മാത്രമല്ല അവരിൽ ഇത്തരം ദൂശ്ലീലങ്ങൾ കണ്ടെത്തുമ്പോൾ ഗുണദോഷിക്കാൻ മാതാപിതാക്കൾക്ക്‌ കഴിയാതെയുമാകും.

6. ആശയവിനിമയത്തിന് പ്രാധാന്യം നൽകുക

*കുട്ടികൾക്കൊപ്പം കാര്യങ്ങൾ വിശദീകരിക്കാൻ സമയം എടുത്തുകൊള്ളുക.നിങ്ങളുടെ പ്രതീക്ഷകൾ വ്യക്തമാക്കുക. പ്രശ്നങ്ങൾ മനസ്സിലാക്കാൻ അവർക്കൊരു അവസരം നൽകുക.അവരുടെ നിർദേശങ്ങൾ കേൾക്കുക, കൂടിയാലോചനകൾ നടത്തുക. വീട്ടിൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം സ്​നേഹപൂർണവും സൗഹാർദപരവുമായി. കുഞ്ഞുങ്ങളുടെ സഹ്യദങ്ങളെക്കുറിച്ച്‌ നിങ്ങൾക്ക്‌ അറിവുണ്ടായിരിക്കണം. കൂട്ടുകാർ ആരൊക്കെ?അവർ സ്വഭാവദൂഷ്യമുള്ളവരാണോ എന്നെല്ലാം തുടക്കത്തിലേ മനസ്സിലാക്കി ആവശ്യമെങ്കിൽതിരുത്തണം. ചിലപ്പോഴെല്ലാം മാതാപിതാക്കളേക്കാൾ കൂട്ടികളെ സ്വാധീനിക്കുന്നത്‌ കൂട്ടുകാരാണെന്ന്‌മനസ്സിലാക്കുക. കൂട്ടുകാരുടെ മാതാപിതാക്കളുമായി ബന്ധം പുലർത്തുക. അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്പരം കൈമാറുകയും ചർച്ച ചെയുക.

*9-10 വയസിൽ കുട്ടികൾ ലഹരിപദാർഥങ്ങളും ലൈംഗികതയും കുറിച്ച് അറിവ് നേടുന്നു. അവർക്ക് യാഥാർഥ്യമറിയിക്കുന്നതും അവരെ സന്നദ്ധമാക്കുന്നതും രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.

7. നിങ്ങളുടെ പാരന്റിങ് ശൈലി ക്രമീകരിക്കാൻ തയ്യാറായിരിക്കണം

*കുട്ടികളുടെ പെരുമാറ്റം നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസരണമല്ലെങ്കിൽ, നിങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യസാധ്യമാണോയെന്ന് പരിശോധിക്കുക. പിടിവാശി മാറ്റി കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്തുക. ഓരോ വളർച്ചാ ഘട്ടത്തോടും ഒത്തു പോവാൻ നിങ്ങളുടെ പേരന്റിംഗ് ശൈലി പരിഷ്കരിക്കുക.

8. നിങ്ങളുടെ സ്‌നേഹം നിർവ്യാജമാണെന്ന് കാണിക്കുക

*ശിക്ഷിക്കുകയും സമ്പൂർണ്ണ സ്‌നേഹം പ്രകടിപ്പിക്കുകയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക.വിമർശനവും കുറ്റവൽക്കരണവും ഒഴിവാക്കുക.പ്രശ്നപരിഹാരത്തിൽ സ്നേഹപൂർവ്വമായ സമീപനം സ്വീകരിക്കുക.അവർക്കറിയിക്കുക, അവർ നിങ്ങളുടെ സ്‌നേഹത്തിന് അർഹരാണ്

കുട്ടികളുടെ ശീലങ്ങൾകും സ്വഭാവ രൂപീകരണത്തിനും രക്ഷിതാക്കളെ പോലെ പ്രാധാന്യമാണ് അധ്യാപകരും. അധ്യാപകരുമായി ചർച്ചയിൽ ഏർപ്പെടാൻ വിമുഖത അരുത്. പി.ടി.എ. മീറ്റിംഗിന് മാത്രമല്ലാതെ അധ്യാപകരെ വിസിറ്റ് ചെയ്യുക. അധ്യാപകർ ശാരീരിക ശിക്ഷകൾ കൊടുക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക